കോതമംഗലം: കോതമംഗലം മാർ അത്തനേഷ്യസ് കോളജിലെ 2023-25 ബാച്ച് എംഎസ്സി മാത്തമാറ്റിക്സ് വിദ്യാർഥിനി മരിയ പീറ്ററിന് യൂറോപ്യൻ യൂണിയന്റെ മേരി ക്യൂറി ഫെലോഷിപ്പ്.
2025-ൽ മാർ അത്തനേഷ്യസ് കോളജിൽ നിന്ന് എംഎസ്സി മാത്തമാറ്റിക്സ് പൂർത്തിയാക്കിയ മരിയയ്ക്ക് സ്പെയിനിലെ പബ്ലിക് യൂണിവേഴ്സിറ്റി ഓഫ് നവാരയിൽ (യുപിഎൻഎ) മാത്തമാറ്റിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സിലെ ഡോക്ടറൽ പ്രോഗ്രാമിലാണ് പ്രവേശനം ലഭിച്ചത്. ഗവേഷണ പഠനത്തിനായി ജനുവരിയിലാണ് സ്പെയിനിൽ എത്തിയത്.
നാലുവർഷം ദൈർഘ്യമുള്ള ഡോക്ടറൽ പഠനത്തിന് സ്കോളർഷിപ്പായിട്ടാണ് 1.3 കോടി ലഭിക്കുന്നത്. എംഎ കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ ആസ്പയർ സ്കോളർഷിപ്പിന് മരിയ അർഹയായിട്ടുമുണ്ട്. ഇതിന്റെ ഭാഗമായി ആറുമാസ ഇന്റേൺഷിപ്പ് പ്രോഗ്രാം കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ മാത്തമാറ്റിക്സ് വിഭാഗം അസി. പ്രഫസർ ഡോ. ലിനു പിന്റോയുടെ കീഴിലാണ് ചെയ്തത്.
കൂവപ്പടി സഹകരണ ബാങ്ക് റിട്ട. സെക്രട്ടറി പെരുമ്പാവൂർ കാഞ്ഞിരക്കാട് പള്ളൂപ്പേട്ട പി.ഡി. പീറ്റർ - റോസ് ലാൻഡ് (കറുകുറ്റി നൈപുണ്യ കോളജ് അസി. പ്രഫസർ)ദമ്പതികളുടെ മകളാണ്. സഹോദരി അന്ന പീറ്റർ അമേരിക്കയിൽ ഗവേഷക വിദ്യാർഥിനിയാണ്. സഹോദരൻ മാത്യു സിഎ കഴിഞ്ഞതിനു ശേഷം പെരുമ്പാവൂരിൽ ജോലിചെയ്യുന്നു.